NRI
അരിസോണ: ഫീനിക്സിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയെ സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു.
കുട്ടി ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച വിഷ്ണുലാൽ.
വീടിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു.
വ്യാഴാഴ്ച രാത്രിയോടെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ വിഷ്ണുലാൽ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസുകാരനായി ഇന്ന് വീണ്ടും തെരച്ചിൽ ആരംഭിക്കും. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന ആറ് വയസുകാരനെ കാണാതാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫയർ ആന്റ് റെസ്ക്യു വീട്ടുപരിസരത്തെ കുളത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു.
സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്.
Kerala
കൊച്ചി: സൂരജ് ലാമയെന്ന ബെംഗളൂരു സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലാമയെ കുവൈറ്റില്‍ നിന്ന് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്തെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവള അഥോറിറ്റി വിശദീകരണം നല്‍കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നാടുകടത്തല്‍ നടപടിക്ക് കേന്ദ്രതലത്തില്‍ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. സൂരജ് ലാമയുടെ അവശതകളടക്കം വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ് കൊച്ചി എയര്‍പോര്‍ട്ട് മാനേജരുമായി ആശയവിനിമയം നടത്തിയതായാണ് ലഭിച്ച വിവരമെന്നും കോടതി വ്യക്തമാക്കി.
ലാമയെ ബെംഗളൂരുവിലേക്കാണ് അയക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സിയാല്‍ വിശദീകരണം നല്‍കണം. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ തുടര്‍ നടപടി എന്തായിരുന്നുവെന്നും അറിയിക്കണം.
സൂരജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എവടെപ്പോയെന്നും കോടതി ചോദിച്ചു. നാടുകടത്തിയതിനെ തുടര്‍ന്ന് എത്തുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹാജരാക്കിയിരുന്നു.
Kerala
കോഴിക്കോട്: താമരശേരിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. താമരശേരി കട്ടിപ്പാറ ചമല്‍ കേളാംകുന്ന് താമസിക്കുന്ന കണ്ണന്‍കുന്ന് സെലീനയുടെ മകന് മുഹമ്മദ് സെഫാനെയാണ് കാണാതായത്.
കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ് സെഫാന്. രാവിലെ പരീക്ഷയ്ക്കായി സ്കൂൾ യൂണിഫോമിൽ പോയ സെഫാൻ ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
മുഹമ്മദ് സെഫാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന മൊബൈല്‍ നമ്പറിലോ പോലീസിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 9526613414, 9746728390.
Kerala
കോട്ടയം: പുതുപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.
പ്രദേശത്ത് നിന്നും മൂന്ന് മാസം മുൻപ് കാണാതായ വയോധികന്റെ അസ്ഥികൂടമാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ മുണ്ടും യൂറിൻ ബാഗും കണ്ടെത്തിയ സാഹചര്യത്തിലാണിത്.
റബർ തോട്ടത്തിൽ കാടുവെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് മാസം മുൻപാണ് പുതുപ്പള്ളി കീഴാറ്റുകുന്ന പ്രദേശവാസിയായ കടുപ്പിൽ ചെറിയാൻ എന്ന വയോധികനെ സ്ഥലത്ത് നിന്നും കാണാതായത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന വയോധികനെ കഴിഞ്ഞ സെപ്റ്റംബർ 18ന് പകൽ കാണാതാവുകയായിരുന്നു.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പോലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. മകൻ ഉൾപ്പടെയുള്ള വീട്ടുകാരിൽ നിന്നും മൊഴിയെടുത്ത ശേഷം അജ്ഞാത മൃതദേഹങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം ഏറെക്കുറെ അവസാനിച്ച നിലയിലായിരുന്നു. അതിനിടെയാണ് അസ്ഥികുടം കണ്ടെത്തിയത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഇയാൾ വീട്ടില്‍ നിന്ന് ഇത്ര അകലെയുള്ള തോട്ടത്തില്‍ എങ്ങനെ എത്തി എന്നതിലും ദുരുഹത വര്‍ധിപ്പിക്കുന്നു.
Kerala
കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന് സാന്റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.
അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റണ്‍ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: മലക്കപ്പാറയിൽ വന വിഭവങ്ങൾ ശേഖരിച്ചിരുന്നയാളെ കാണാനില്ലെന്ന് പരാതി. മലക്കപ്പാറ പോത്തുപാറ ഉന്നതിയിലെ നന്ദനനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നന്ദനനെ കാണാതായത്.
ഇതേ തുടർന്ന് നന്ദനന്റെ ബന്ധുക്കൾ മലക്കപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വനം വകുപ്പും, പോലീസും, നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ നന്ദനനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
നന്ദനനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മലക്കപ്പാറ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
District News
യുവാവിനെ പമ്പാ നദിയിൽ കാണാതായിട്ട് 12 ദിവസം
വിതുര : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊളിക്കോട് പുളിമൂട് സ്വദേശിയായ അനസ്(31) പന്ത്രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാമറയത്ത്. കഴിഞ്ഞ 13 ന് കാഞ്ഞീറ്റുകര മൂഴിക്കൽ കടവിനും തോട്ടാവള്ളിൽ കടവിനും ഇടയിൽ നദിയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടു എന്നാണ് വിവരം. ശക്തമായ മഴ ആയതിനാൽ ആ സമയം നദി നിറഞ്ഞൊഴുകുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും തെരഞ്ഞെങ്കിലും അനസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അടയ്ക്ക ശേഖരിക്കുന്ന ജോലി കഴിഞ്ഞ് 13 ന് വൈകിട്ട് അഞ്ചരയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ആണ് അനസ് നദിയിൽ കുളിക്കാന്‍ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇദ്ദേഹത്തെ കൈയിൽ പിടിച്ചു വലിച്ചു കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും കൈവിട്ടു പോയി.
റാന്നി ഫയർ ഫോഴ്സും പത്തനംതിട്ട സ്കൂബാ ടീമും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും ഒഴുക്ക് ശക്തമായതോടെ ഫലമുണ്ടായില്ല. സ്കൂബ ടീം തെരഞ്ഞെങ്കിലും നദിയിലെ അടിയൊഴുക്കും അടിത്തട്ടിലെ പാറക്കെട്ടുകളും പ്രതികൂലമായി. അനസിനായി തെരച്ചിൽ തുടരുകയാണ്.
മൊത്ത വിലയ്ക്ക് അടയ്ക്ക, ചക്ക, റംബൂട്ടാൻ, മാങ്ങ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനും ശേഖരിക്കുന്നതിനുമാണ് അനസ് പത്തനംതിട്ടയിൽ എത്തിയത്. സജില ആണ് ഭാര്യ . ആറും രണ്ടും വയസുള്ള മക്കളുണ്ട്.
Kerala
ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട സെബാസ്റ്റ്യനെ ഇന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
ഇതിനു മുന്നോടിയായി ഏറ്റുമാനൂർ കോടതി പരിധിയിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
ജെയ്നമ്മ കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ കസ്റ്റഡി ആവശ്യപ്പെട്ട് ചേർത്തല കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. ബിന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
Kerala
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതുള്പ്പെടെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ട ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യ(67)നെ വീണ്ടും ചോദ്യം ചെയ്യുന്നു.
ഓഗസ്റ്റ് 12 വരെയാണ് ഏറ്റുമാനൂര്‍ മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് തുടരെ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ഇയാള്‍ അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ല. സെബാസ്റ്റ്യന്റെ ഭാര്യ സുബി, ചേര്‍ത്തലയിലെ സുഹൃത്തായ റോസമ്മ എന്നിവരെ വീണ്ടും ചോദ്യംചെയ്തേക്കും.
വ്യാഴാഴ്ച രാത്രിയില്‍ സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇയാളുടെ കാറില്‍ നിന്നു ചുറ്റിക, കത്തി, ഡീസല്‍ കന്നാസ്, പഴ്സ് എന്നിവ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലും സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയേക്കുമെന്നാണ് സുചന. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം ഇന്നോ നാളെയോ അറിയാനാകും. ജെയ്നമ്മ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ സെബാസ്റ്റ്യന്റെ വലയിലായശേഷം കാണാതായ ചേര്‍ത്തല സ്വദേശികളായ ബിന്ദു, ഐഷ, സിന്ധു എന്നിവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരെയെല്ലാം സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിഎന്‍എ പരിശോധനയ്ക്കായി ബിന്ദുവിന്റെ സഹോദരന് പ്രവീണിന്റെ രക്ത സാംപിള്‍ കൂടി പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് വ്യാഴാഴ്ച പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭന് എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ചും ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, സിന്ധു, ഐഷ എന്നിവരുടെ തിരോധാനം അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈംബ്രാഞ്ചുമാണ്.